Monday, April 30, 2012


Monday, January 25, 2010

അഷ്ടമൂര്‍ത്തിയുടെ പുസ്തക പ്രകാശനം



ഇന്നലെ (25-01-10 തിങ്കളാഴ്ച )തൃശ്ശൂരിലെ സാഹിത്യ അക്കാദമി അങ്കണത്തിലെ സായാഹ്നത്തിന് സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും നിറവും മണവുമായിരുന്നു. നന്മയുടെ എഴുത്തുകാരന്റെ വായനക്കാരെ സ്വീകരിക്കാന്‍ തണല്‍മരങ്ങള്‍ നിഴല്‍പ്പരവതാനി വിരിച്ച്, കാറ്റില്‍ പൂക്കളുടെ സുഗന്ധം നിറച്ച് കാത്തുനിന്നു. വരിയിട്ട ചുവന്ന കസാലകളില്‍ നന്മയും സ്നേഹവും അടുത്തറിഞ്ഞവര്‍ അടുത്തു നിന്നും അകലെ നിന്നും വന്നിരുന്നു. നിറഞ്ഞ ചിരിയുമായി കഥാകാരന്‍ വന്നു, കൂടെ സഹധര്‍മ്മിണിയും. ചിരപരിചിതരെപ്പോലെ കൈപിടിച്ച് സ്വീകരിച്ചു, കുശലമന്വേഷിച്ചു. ആലോച്ചിച്ചു കൂട്ടിവെച്ചിരുന്ന പരിഭ്രമവും ആകാംക്ഷയും നിമിഷം കൊണ്ട് അലിഞ്ഞില്ലാതായി. കസേരകള്‍ ഓരോന്നായി ഇരിപ്പിടങ്ങളാകവെ സാറടീച്ചര്‍ വന്നു. ഏതു വിഷമത്തിലും ഒരു ഫോണ്‍കാള്‍ അകലെയുള്ള പ്രിയ കൂട്ടുകാരന്റെ കഥകള്‍ പുന്ര്ജ്ജനിക്കുന്ന നിമിഷത്തിന് സാക്ഷിയാകാന്‍ . അല്പനേരത്തിനു ശേഷം മലയാളത്തിന്റെ മഹാനായ കഥാകാരന്‍ എം ടി വാസുദേവന്‍ നായര്‍ എത്തി. അഷ്ടമൂര്‍ത്തിയുടെ കഥകള്‍ പ്രകാശിതമാക്കുവാന്‍ മറ്റാരാണ് വരിക! കൂടെ വൈശാഖന്‍, അശോകന്‍ ചരിവില്‍ , കെ സി നാരായണന്‍ , വി എം ഗിരിജ , സന്തോഷ്കുമാര്‍ എന്നിവരും എത്തി. ആറാട്ടുപുഴയുടെ മറ്റൊരു സല്പുത്രന്‍ ‍ , കഥാകാരന്റെ പ്രിയകൂട്ടുകാരന്‍ സംഗീത സംവിധായകന്‍ വിദ്യാധരന്‍ എന്റെ സ്വന്തം അഷ്ടമൂര്‍ത്തിയുടെ കഥകള്‍ക്ക് കാതോര്‍ത്ത് മുന്‍ നിരയില്‍ത്തന്നെ ഇരുന്നു. കൂടെ ജയരാജ് വാര്യരും. പിന്നിലേക്ക്കു നോക്കുമ്പോള്‍ റോഡിലേക്ക്കു നിറഞ്ഞു വഴിയുന്ന സുഹൃദ് സംഘങ്ങള്‍ . ഇരിപ്പിടങ്ങള്‍ അവര്‍ക്കാവശ്യമായിരുന്നില്ല. അഷ്ടമൂര്‍ത്തിയുടെ കഥകള്‍ ആലോചനാമൃതങ്ങളാക്കി ഓരോരുത്തരും തണല്‍മരങ്ങള്‍ക്ക് താഴെഇരുന്നു, വഴിയരികുകളില്‍ നിന്നു, ഇതെന്റെ സ്വന്തം പുസ്തകപ്രകാശനം എന്നമട്ടില്‍ .


പ്രശസ്ത കഥാകാരന്‍ അഷ്ടമൂര്‍ത്തിയുടെ തിരഞ്ഞെടുത്ത മുപ്പത്തിയേഴു കഥകളുടെ സമാഹാരം ഹരിതം ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച് പ്രകാശിതമാക്കുന്ന ചടങ്ങ് 2010 ജനവരി 25ആം തീയതി തൃശൂര്‍ കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ നടന്നു.എന്‍ രാജന്‍ സ്വാഗതം പറഞ്ഞു, വൈശാഖന്‍ ആദ്ധ്യക്ഷം വഹിച്ചു, എം ടി പ്രകാശിപ്പിച്ച പുസ്തകം സാറാജോസഫ് ഏറ്റു വാങ്ങി. കെ സി നാരായണന്‍ പുസ്തകം പരിചയപ്പെടുത്തി. അശോകന്‍ ചരിവില്‍ , വി എം ഗിരിജ , സന്തോഷ്കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഷ്ടമൂര്‍ത്തി നന്ദി പറഞ്ഞു.

ഒരുപിറുപിറുപ്പു പോലെയാണ് തനിക്ക് കഥയെഴുത്ത് എന്ന് കഥാകാരന്‍ പറയുന്നു. മറ്റുള്ളവരോട് പറയാനും പങ്കുവയ്ക്കാനും സാധിക്കാത്ത കാര്യങ്ങള്‍ കഥകളായിത്തീരുകയാണ്. കഥയെഴുതിക്കഴിഞ്ഞാലുള്ള ആശ്വാസത്തെക്കുറിച്ച് അദ്ദേഃഅം ആമുഖത്തില്‍ പറയുന്നു. എന്തിനാണ് കഥയെഴുതുന്നത്? നന്മയിലേക്കുള്ള ഒരന്വേഷണമാണ്‍ ഓരോ കഥയും എന്ന് കഥാകാരന്‍ കരുതുന്നു. എങ്കിലോ കഥയെഴുതി ആരെയും നന്നാക്കാം എന്ന ഒരുദ്ദേശവും ഇല്ലതാനും. ലളിതമായ ഭാഷയിലാവണം കഥയെഴുത്ത്. കഥയെഴുതിയശേഷം വായനക്കാരന്‍ കഥാകൃത്തിനെ അന്വേഷിച്ച് നടക്കേണ്ട ഗതികേട് വരരുത്. നഗരജീവിതത്തിന്റെ വിഹ്വലതകളും, കുട്ടിക്കാലത്തിന്റെ പിന്തുടരുന്ന ഓര്‍മ്മകള്‍ നല്‍കുന്ന വേവലാതികളും കഥയെഴുതിത്തീരുന്നതോടെ മുക്തമാകുന്നു. ഒരിക്കലും പരിചയപ്പെടാന്‍ സാദ്ധ്യതയില്ലായിരുന്ന ഒരുപാട് കൂട്ടുകാരെ കഥയെഴുത്തിലൂടെ കിട്ടിയതിന്റെ സന്തോഷം കഥാകാരനുണ്ട്. ജീവിതത്തിന് പരിമിതമായ തരത്തിലെങ്കിലും ഒരര്‍ഥവും കഥയെഴുത്ത് അദ്ദേഹത്തിന് നല്‍കുന്നു.

അഷ്ടമൂര്‍ത്തിയുടെ കഥകളിലെ സാരള്യത്തെക്കുറിച്ചാണ് പ്രധാനമായും സാറാജോസഫും എം ടിയും സംസാരിച്ചത്. എഴുത്തുകാരന്‍ തന്റെ കഴിവു പ്രകടിപ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളായി കഥകള്‍ മാറരുത്. അങ്ങനെയുള്ള് കഥകളില്‍ നിന്ന് കഥാകാരന്മാര്‍ക്ക് മോചനമില്ല. മാര്‍ക്വിസ് നും കാമു വിനും ഒക്കെ ഇത്തരം പ്രതിസന്ധികള്‍ കഥയെഴുത്തില്‍ നേരിടേണ്ടിവന്നിട്ടുണ്ട് എന്ന് എം ടി പറഞ്ഞു. ലാബിറിന്ത് പണികഴിപ്പിച്ച ഡിഡാലസ് നെ (Daedalus)പ്പോലെ കഥാകാരന്‍ കഥയ്ക്കകത്തു ചുറ്റിത്തിരിയുന്നു. വായനക്കാരന് കഥയെക്കാള്‍ കഥാകാരനെ കാണണ്ട അവസ്ഥയായിത്തീരുന്നു. ഇതില്‍ നിന്നും വളരെ വ്യതസ്തമാണ് അഷ്ടമൂര്‍ത്തിയുടെ കഥകള്‍ . അദ്ദേഹം സ്വയം പറയുന്നതുപോലെ, കഥാകാരന്‍ ഒരു നിഖണ്ഡുവുമായി വായനക്കാരന്റെ പിന്നാലെ നടക്കേണ്ട ഗതികേട് വരുത്തുന്നേയില്ല. ഇതൊക്കെയാണെങ്കിലും വായിച്ചു ചെല്ലുമ്പോള്‍ അദ്ദേഹം നമുക്കായി ഒരു ഞെട്ടല്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എല്ലാ കഥകളിലും എന്ന് കെ സി നാരായണന്‍. കഥാകാരന്റെ ക്രാഫ്റ്റ് അവിടെയാണ്. സാധാരണ പോലെ പറഞ്ഞുപോകുന്ന കഥയില്‍ നിന്ന് വെള്ളത്തിനടിയില്‍ നിന്ന് ഒരഗ്നിപര്‍വ്വതം പോലെ ആ നടുക്കം വായനക്കാരനെ ഒന്നു പിടിച്ചു കുലുക്കുന്നു. ഇതെന്താണ് സാമാന്യജീവിതത്തില്‍ താന്‍ കാണാഞ്ഞതെന്ന് അയാള്‍ ലജ്ജയോടെ ഓര്‍ക്കുന്നു. അഷ്ടമൂര്‍ത്തിയുടെ കാണലുകളിലെ ‘കാഴ്ചകള്‍ ‘ അങ്ങനെയാണ്.

കുറച്ചു കഥയെഴുതി, ഇടയ്ക്കൊന്നു മൌനമായി വീണ്ടും കാണാക്കാഴ്ചകള്‍ കാണുന്നു കഥാകാരന്‍. വീണ്ടും വന്നൊന്നു നമ്മെ ഉണര്‍ത്തിയിട്ട് പോകുന്നു. ദേ ഇതു നോക്കൂ എന്ന് ഓര്‍മ്മപ്പെടുത്തിയിട്ട് പോകുന്നു. രോഹിണി ഭട്ട് , അമ്മ ഉറങ്ങുന്ന രാത്രി എന്നീ കഥകള്‍ തന്ന ഞെട്ടലോടെയാണ് ഇതെഴുതുന്നത്. അനുധാവനം എന്ന കഥ ഏറെ നാളായി എന്നെ അനുധാവനം ചെയ്തുകൊണ്ടിരിക്കുന്നു. എലിവേറ്ററിലെ അവസരങ്ങള്‍ വായിക്കുന്നയാള്‍ താനൊരിക്കല്‍ എലിവേറ്ററില്‍ കയറിയപ്പോഴത്തെ കഥയാണോ ഇത് എന്ന് സ്വയം ചിന്തിക്കുന്ന മട്ടില്‍ കഥാകാരന്‍ താദാത്മ്യപ്പെടുത്തുന്നു.

യൂറോപ്പിലെ പ്രശസ്ത ഫുട്ബാള്‍ ടീമുകളെപ്പറ്റിയുള്ള ഒരു കഥ കെ സി നാരായണന്‍ ഉദാഹരിച്ചു. അവനവന്റെ സ്ഥിരം ഗ്രൌണ്ടുകളില്‍ ഗോളടിക്കാന്‍ എളുപ്പമാണ്. പരിചയമില്ലാത്ത പ്ലേ ഗ്രൌണ്ടുകളില്‍ ഗോളടിക്കുന്നവനാണ് യഥാര്‍ഥ കളിക്കാരന്‍. യഥാര്‍ഥ എഴുത്തുകാരനും അങ്ങനെത്തന്നെ. എവിടെയാണ് ആ ഗോള്‍ , കഥയിലെ ആ വഴിത്തിരിവ്, ആ നടുക്കം, ആ ഉറക്കം കെടുത്തുന്ന വാചകം ഒളിപ്പിച്ചു വെച്ച് കഥാകാരന്‍ കളിജയിക്കുന്നത്. വായനക്കാരനെ സുഹൃത്താക്കുന്നത്. അവിടെയാണ് എഴുത്തുകാരന്റെ വിജയം. വളരെ നാളുകളായി ശൂഷ്കമായ സദസ്സുകളുമായി നടന്ന പുസ്തകപ്രകാശനങ്ങളും സാഹിത്യ ചര്‍ച്ചകളും കണ്ട് കോട്ടുവായയിട്ടിരുന്ന കേരള സാഹിത്യ അക്കാദമി അങ്കണം ഒന്നു മൂര്‍നിവര്‍ന്ന് മുഖം കഴുകി ഇന്നലെ വൈകുന്നേരം നെറ്റിയില്‍ ഭസ്മക്കുറിയുമായി നിറഞ്ഞു കവിഞ്ഞ സദസ്സിനെ നോക്കി ആശ്വാസ നിശ്വാസമുതിര്‍ത്തതിനും കാരണം ഇതുതന്നെ. അഷ്ടമൂര്‍ത്തി എന്ന കഥാകാരന്‍ .

Thursday, April 12, 2012

ഓലഞ്ഞാലി




ഇന്നലെ ഉണ്ണിക്കുട്ടന് വഴിയില്‍ കിടന്നൊരു ഓലഞ്ഞാലി കുഞ്ഞിനെ കിട്ടി. അത് കൂട്ടില്‍ നിന്നും വീണു പോയതാണെന്ന് തോന്നുന്നു. പറക്ക മുറ്റിയിട്ടില്ല. ആകെ അത് ഒരു കുഞ്ഞിക്കുഞ്ഞി രോമം കൊണ്ട് ഉണ്ടാക്കിയ ഒരു പന്ത് പോലെ ചുരുണ്ടിരിക്കുന്നു. തല മേത്തേക്ക് ചരിച്ചു വച്ചിരിക്കുമ്പോ ഒരു പന്താണ് എന്നെ തോന്നു. ഉണ്ണിക്കുട്ടന്‍ അതിനെ എടുത്തു ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഒരു പേപ്പര്‍ ഒക്കെ ഇട്ടു ഇരുത്തി. വെള്ളം കൊടുത്തു. അതിന്റെ കണ്ണ് രണ്ടും വീങ്ങി വലുപ്പം വച്ച് ഇരിക്കുന്നു. ചെറുതായി കരയുന്നും ഉണ്ടായിരുന്നു. രാവിലെ മുതല്‍ ഉണ്ണിക്കുട്ടന്‍ അതിന്റെ പിന്നാലെ തന്നെ ആണ്. സ്കൂള്‍ അടവും ആണല്ലോ. ടെറസില്‍ കൊണ്ട് വച്ച് കുറച്ചു കഴിഞ്ഞപ്പോലുണ്ട് അതിന്റെ അച്ഛന്‍ കിളിയും അമ്മക്കിളിയും ആണെന്ന് തോന്നുന്നു കരഞ്ഞു കൊണ്ട് അടുത്ത തെങ്ങിലും മാവിലുമൊക്കെ വന്നിരിക്കുന്നു. കൂടെ വേറെ ഒന്നുരണ്ടു ഓലഞ്ഞാലികളും ഉണ്ട്. എന്ത് ഉച്ചത്തിലാണ് അച്ഛനും അമ്മയും കരയുന്നത്. അതിനു മറുപടിയായി കുഞ്ഞു കുഞ്ഞി ശബ്ദത്തില്‍ കരയും. അപ്പൊ അച്ഛനും അമ്മയും കൂടുതല്‍ ഉറക്കെ കരയും. ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്ക് പറക്കും. അവയുടെ നിസ്സഹായതയാണ്. ആ കുഞ്ഞിനെ എടുത്തു കൊണ്ട് പോകാന്‍ അവര്‍ക്ക് പറ്റുന്നില്ലല്ലോ. കുഞ്ഞിനെ പിന്നെ ഞങ്ങള്‍ എടുത്തു teresilekku ചാഞ്ഞു നില്‍ക്കുന്ന പറങ്കി മാവിന്റെ ചില്ലയില്‍ വച്ചു. അപ്പോള്‍ വലിയ കിളികള്‍ പറന്നു പറങ്കിമാവിന്റെ മറ്റു ചില്ലകളില്‍ ഇരുന്നു കരഞ്ഞു. അടുത്തു വരുന്നില്ല. മനുഷ്യന്റെ മണം ഉള്ളിടത്ത് അവ അടുക്കുക വിരളമാണ്.

ഓലഞ്ഞാലികള്‍ അല്ലെങ്കിലും മനുഷ്യനുമായി അത്ര അടുക്കാറില്ലല്ലോ. അവ മരചില്ലകള്‍ക്കിടയിലും മറ്റും ഒളിഞ്ഞിരിപ്പാണ് മിക്കപ്പോഴും. ചിലപ്പോള്‍ ശരം വിട്ടപോലെ ഒരു മരത്തില്‍ നിന്നും മറ്റൊന്നിലേക്കു പറന്നു ഇലകള്‍ക്കിടയില്‍ മറയും. ചിലപ്പോള്‍ വളരെ പെട്ടന്ന് ഒരു തെങ്ങോലയില്‍ ഞാന് ഊര്‍ന്നിറങ്ങി പറന്നു പോകുന്നത് കാണാം. അതാണ്‌ അതിനു ഓലഞ്ഞാലി എന്ന പേര് വരാന്‍ കാരണം. തെങ്ങോലയില്‍ ഇരിക്കുന്ന കൊമ്പന്‍ ചെല്ലിയുടെ പുഴുവിനെയും മറ്റു പൂച്ചികളെയും ഒക്കെ പിടിക്കാനാണ് അത് ഓലയില്‍ വന്നു ഞാലുന്നത്. ആത്തരത്തില്‍ ഓലഞ്ഞാലി തെങ്ങിന്റെ സംരക്ഷകന്‍ കൂടി ആണ്. കാതടപ്പിക്കുന്ന ശബ്ദത്തിലാണ് അതിന്റെ ചിലപ്പ്‌.
ഇളം മഞ്ഞ കലര്‍ന്ന തവിട്ടു നിറമാണ് ഓലഞാലിക്ക് പ്രധാനമായും. തലതൊട്ടു മാറ് വരെ കടുത്ത തവിട്ടു നിറം. ചിറകിലും വാലിലും കറുപ്പും വെള്ളയും ഇടകലര്‍ന്നും കാണും . കാക്കയുടെ വര്‍ഗത്തിലുള്ള പക്ഷി ആണത്രേ ഓലഞ്ഞാലി.
ഓലഞ്ഞാലിക്കുഞ്ഞിനു കണ്ണിനു എന്തോ കുഴപ്പം ഉണ്ട്. രാം നാളെ വന്നിട്ട് അതിനെ വെറ്റിനറി ഡോക്ക്ടരുടെ അടുത്ത് കൊണ്ട് പോകാനിരിക്കയാണ് ഉണ്ണിക്കുട്ടന്‍. അതിനു ഗ്ലൂക്കോസ് കലക്കി കൊടുക്കുന്നു. ചോറ് കൊടുക്കുന്നു എന്ന് വേണ്ട ഇന്ന് ഉണ്ണിക്കുട്ടന്‍ ആകെ തിരക്കിലായിരുന്നു. പ്രകൃതിയെയും പക്ഷി മൃഗാദികളെയും സ്നേഹിക്കാനുള്ളതാണല്ലോ ബാല്യകാലം. അറിവിന്റെ നാളങ്ങള്‍ ഇന്ന് മനസ്സില്‍ പ്രകാശം paratthaarundo എന്നൊരു സംശയം. അറിവെന്നു പറയുന്ന വിദ്യാഭ്യാസം നമ്മെ പ്രകൃതിയില്‍ നിന്നും അകറ്റുന്നു. എട്ടിലെ താളുകളില്‍ ഓലഞ്ഞാലിയും മഞ്ഞക്കിളിയുമെല്ലാം ജീവസ് ഇല്ലാത്ത വര്‍ണ്ണ ചിത്രങ്ങളായി എങ്ങും പറക്കാനില്ലാതെ ആകാശവും മരക്കൊമ്പുകളും നഷ്ടപ്പെട്ട്‌ ഉഴലുന്നു. ചിത്രങ്ങളിലെ കുയിലിനു പാടാനാവില്ല. മയിലിനു ആടാനും. മഴക്കാര് കണ്ടാല്‍ വേഴാമ്പല്‍ കരയില്ല. അങ്ങനെ ദ്വിമാന ചിത്രങ്ങളില്‍ തങ്ങളുടെ ലോകം നിര്‍മ്മിക്കപ്പെട്ടു വികാര വിചാരങ്ങള്‍ പട്ടു പോകുന്ന ബാല്യങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ. ബാല്യത്തിന്റെ കുളിര്‍മ കൌമാര യൌവനങ്ങളികെല്ലും പകര്‍ന്നോഴുകട്ടെ.
ഓലഞ്ഞാലികളും മഞ്ഞക്കിളികളും മധുരം പകര്‍ന്നു തരട്ടെ.

Thursday, April 5, 2012

തച്ചോളി അമ്പു

Originally posted on Tuesday, September 07, 2010

ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ചതിച്ചുകൊന്നവരെ നേരിടാനും,പൊന്നിയത്ത് പരുന്തിന്‍ കോട്ട കീഴടക്കി പ്രതികാരം ചെയ്യാനും, തച്ചോളിത്തറവാടിന് നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാനും അനന്തരവനായ അമ്പുവിനോട് ( പ്രേം നസീര്‍ ) നേരമ്മാവന്‍ ഒതേനക്കുറുപ്പ് (ശിവാജി ഗണേശന്‍ ) വെളിച്ചപ്പാടില്‍ ആവേശിച്ച് ആവശ്യപ്പെടുന്നു. നേരമ്മാവന്‍ തച്ചോളി ഒതേനന്‍ ചതിയാ‍ല്‍ കൊല്ലപ്പെട്ടതിന്റെ യഥാര്‍ഥ കഥ അമ്പു ചുണ്ടങ്ങാപ്പൊയില്‍ മായിന്‍ കുട്ടിയില്‍ (ബാലന്‍ കെ നായര്‍ ) നിന്നുമാണ് അറിയുന്നത്. മായിന്‍ കുട്ടിയുടെ മകന്‍ ബാപ്പു (ജയന്‍ ) ആണ് ഒതേനനെ ഒറ്റവെടിയുണ്ടകൊണ്ട് കൊന്നത് എന്ന് നാട്ടുപാട്ട്. കതിരൂര്‍ ഗുരുക്കളുമായി നടന്ന പയറ്റില്‍ ഗുരുക്കളെ (ഉമ്മര്‍ ) കൊന്ന ഒതേനന്‍ അച്ഛന്‍ കൊടുത്ത കഠാര മറന്നു വെച്ചത് തിരിച്ചെടുക്കുവാനായി പയറ്റുകഴിഞ്ഞ കളത്തിലേക്ക് നാട്ടുമുറതെറ്റിച്ച് തിരിച്ചുചെല്ലുന്നു. ഈ അവസരത്തിലാണ് നാടുവാഴി (ഗോവിന്ദന്‍ കുട്ടി) ഒതേനനെ ഒളിവെടി വയ്ക്കുകയും ആ കുറ്റം ബാപ്പുവിന്റെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്യുന്നത്. മായിന്‍ കുട്ടിയില്‍ നിന്നും ബാപ്പുവിന്റെ ദുരന്തകഥയറിയുന്ന അമ്പു ബാപ്പുവിന്റെ മകന്‍ ബാപ്പുട്ടിയുമായി (രവികുമാര്‍ ) ചേര്‍ന്ന് പരുന്തിങ്കല്‍ കോട്ടയിലേക്ക് പോകുവാന്‍ പുറപ്പെടുന്നു. എന്നാല്‍ ഒതേനക്കുറുപ്പിന്റെ ഉറ്റമിത്രം പയ്യംവെള്ളി ചന്തു ( ജി കെ പിള്ള ) അവരെ തടയുന്നു. ഒതേനന്റെ മന്ത്രശക്തിയുള്ള ഉറുക്കും നൂലും പരുന്തിങ്കല്‍ കോട്ടയില്‍ ഉള്ളിടത്തോളം കോട്ടയിലുള്ളവരെ തോല്‍പ്പിക്കാനാവില്ലെന്ന് ചന്തു അമ്പുവിനോട് പറയുന്നു. ഉറുക്കും നൂലും നേടി കോട്ടയിലുള്ളവരെ തോല്‍പ്പിച്ച് പ്രതികാരം ചെയ്യുമെന്ന് അമ്പു ശപഥം ചെയ്യുന്നു.

പൊന്നിയം പടനിലത്തുനടക്കുന്ന മലനാട്ടുമേളയിലേക്ക് അമ്പുവും സഹായികളും വേഷപ്രച്ഛന്നരായി എത്തുകയാണ്. പടനിലത്തെ മേടയില്‍ സുന്ദരിയായ കന്നിയുണ്ട് (ഉണ്ണിമേരി). ഒതേനന്റെയും നാടുവാഴിയുടെ പെങ്ങള്‍ കുഞ്ഞിത്തേയിയുടെയും (കെ ആര്‍ വിജയ ) മകളാണവള്‍ . അവളും മേളകാണാന്‍ എത്തിയതാണ്. ഇട്ടിരി ഇളയപണിക്കരുടെ പടത്തലവനായി സ്ഥാനമേല്‍ക്കുന്ന പരുന്തുങ്കല്‍ കുട്ടിയെക്കണ്ട് മായിന്‍‌കുട്ടി അമ്പരക്കുന്നു. പണ്ട് നഷ്ടപ്പെട്ട മകന്‍ ബാപ്പുവിന്റെ തത്സ്വരൂപം. പുതുപ്പണം നാട്ടില്‍ നിന്ന് മേളനയിക്കാന്‍ ആരുമില്ലേ എന്ന വെല്ലുവിളി കേട്ട് അമ്പുവിന്‍ പ്രച്ഛന്നവേഷം ഉപേക്ഷിച്ച് തന്റെ സ്വത്വം വെളിപ്പെടുത്തേണ്ടി വരുന്നു. കോട്ടയ്ക്കുള്ളില്‍ കടക്കുന്ന അമ്പുവിനെ അമ്മായിയും മുറപ്പെണ്ണും സ്വീകരിയ്ക്കുന്നു.

ഒതേനന്റെ രക്ഷാകവചമായിരുന്ന ഉറുക്കും നൂലും ചതിയിലൂടെ തന്റെ ആങ്ങള നഷ്ടപ്പെടുത്തിയ കഥ അമ്മായി അമ്പുവിനെ വിവരിച്ചു കേള്‍പ്പിക്കുന്നു. അമ്പുവും കന്നിയും അനുരാഗബദ്ധരാവുന്നു. കന്നിയെ മോഹിക്കുന്ന ഇട്ടിരി ഇളയപണിക്കര്‍ കുപിതനാവുന്നു. ഒരുപാടൊരുപാട് പയറ്റുകള്‍ക്കൊടുവില്‍ ഇട്ടിരിയെക്കൊന്ന് അമ്പു കന്നിയെ നേടുന്നു. തച്ചോളിത്തറവാട്ടിലേക്ക് ചേരണ്ട ഉറുക്കും നൂലും അമ്പുവിന് ലഭിക്കുകയും ചെയ്യുന്നു. പരുന്തിങ്കല്‍ കുട്ടി താന്‍ മായിന്‍‌കുട്ടിയുടെ ചെറുമകനാണെന്ന് തിരിച്ചറിയുകയും അമ്പുവിന് ഉറുക്കും നൂലും നേടിക്കൊടുക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെടുകയും ചെയ്യുന്നു. ഒതേനനെ ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് ചതിച്ചു കൊന്ന് ആ കുറ്റം തന്റെ മകന്‍ ബാപ്പുവിന്റെ തലയില്‍ കെട്ടിവെച്ച നാടുവാഴിയെ മായിന്‍‌കുട്ടിയും കൊല്ലുന്നു.

മലയാളത്തിന്റെ ആദ്യ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു സമര്‍പ്പിച്ചിരിക്കുന്നത് മലയാളസിനിമാ കുലപതിയായ കുഞ്ചാക്കോയ്ക്കാണ്. നവോദയാ അപ്പച്ചന്‍ സംവിധാനം ചെയ്ത ഈ ചിത്രം അന്നത്തെ സിനിമാപ്രേക്ഷകര്‍ക്ക് ഒരു അനുഭവം തന്നെയായിരുന്നു. ബൃഹത്തായ സെറ്റും എണ്ണമറ്റ നടീനടന്മാരും, എക്സ്ട്രാകളും,ആനകളും കുതിരകളും എന്നുവേണ്ട കണ്ണിനും മനസ്സിനും ആകെ പുതിയ കാഴ്ചകളുടെയും അനുഭൂതികളുടെയും കേളിതന്നെ.

തച്ചോളി അമ്പുവായി അഭിനയിക്കുന്ന പ്രേംനസീറിന് ഇതില്‍ ‘അഭിനയം’ എന്ന നിലയില്‍ വലുതായൊന്നും ചെയ്യാനില്ല. ടൈറ്റില്‍ റോളുകള്‍ എന്നും തേടിച്ചെന്നിരുന്നു എന്ന ഭാഗ്യം ഇതിലും നസീറിനു ലഭിച്ചു എന്നേ കരുതേണ്ടതുള്ളു. ക്ലോസ് അപ് ഷോട്ടുകളില്‍ പയറ്റു മുറകളും അടവുമുറകളും കാണിക്കുവാന്‍ കൈനീട്ടലും, കണ്ണുരുട്ടലും, ആയം കാണിക്കലും ഒക്കെ ചെയ്ത് അമ്പുവായ നസീര്‍ തന്റെ വേഷം കൈകാര്യം ചെയ്തു മാറുമ്പോള്‍ ലോങ് ഷോട്ടുകളില്‍ ഡ്യൂപ്പുകള്‍ അമ്പുവിനുവേണ്ടി തീയ്ക്കു മുകളില്‍ പടവെട്ടുകയും, ബഹുനിലക്കെട്ടിടങ്ങള്‍ക്കും മുകളിലേക്ക് കരണം മറിഞ്ഞ് കയറുകയും, പറന്നിറങ്ങുകയുമൊക്കെ ചെയ്യുന്നു. ‘കാവിലമ്മയാണെ,പരദേവതയാണെ ഞാനിതിന് പകരം ചോദിക്കും’ എന്ന പ്രശസ്തമായ നസീര്‍ ഡയലോഗിന്റെ അനുകരണങ്ങള്‍ ഇതിലും കാണാം. അമ്പുവിന് നേടാനുള്ളതെല്ലാം പാവം സഹനടീനടന്മാരാണ് നേടിക്കൊടുക്കുന്നതെന്ന് നാം ഒന്നു ശ്രദ്ധിച്ചു നോക്കിയാല്‍ കാണാവുന്നതാണ്. അല്ലെങ്കിലും പ്രശസ്തരുടെ സാഹസങ്ങള്‍ക്ക് പിന്നില്‍ നിന്ന് ജീവന്‍ ബലിയര്‍പ്പിക്കുന്നവരെ അധികമാരും ഓര്‍ക്കാറുമില്ലല്ലൊ.

തച്ചോളി അമ്പുവിലെ മറക്കാത്ത രണ്ടു കഥാപാത്രങ്ങള്‍ ബാലന്‍ കെ നായര്‍ അവതരിപ്പിച്ച മായിന്‍‌കുട്ടിയും, ജയന്‍ അവതരിപ്പിച്ച ഇരട്ട കഥാപാത്രങ്ങളുമാണ്. പ്രത്യേകിച്ച് പരുന്തിങ്കല്‍ കുട്ടി എന്ന രണ്ടാമത്തെ കഥാപാത്രം. ബാലന്‍ കെ നായര്‍ എന്ന പ്രതിഭ അവശേഷിപ്പിച്ചു പോയ ഇരിപ്പിടം മലയാളസിനിമയില്‍ ഒഴിഞ്ഞുതന്നെ കിടക്കുന്നു എന്ന് കാല്‍ നൂറ്റാണ്ടു ശേഷം തച്ചോളി അമ്പു വീണ്ടും കാണുമ്പോള്‍ നാം ഓര്‍മ്മിക്കും. ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പും പിന്‍പുമുള്ള മായിന്‍‌കുട്ടിയെ അവതരിപ്പിക്കുന്ന ബാലന്‍ കെ നായര്‍ ചിത്രത്തിലുടനീളം തന്റെ സഹനടീനടന്മാരെ നിഷ്പ്രഭരാക്കുന്നു. ജയന്‍ അവതരിപ്പിക്കുന്ന അച്ഛനും മകനുമായ ഇരട്ട കഥാപാത്രങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഒരു തലമുറയെയാകെ കോരിത്തരിപ്പിച്ച ആ പുരുഷ സൌന്ദര്യത്തിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ഒരുപിടി പൂക്കളര്‍പ്പിക്കാന്‍ വീണ്ടും കൈകള്‍ നീളുന്നു.

തച്ചോളി ഒതേനനായി തമിഴ് സിനിമാ ഇതിഹാസം ശിവാജി ഗണേശന്‍ തന്റെ വേഷം ഭംഗിയാക്കുന്നു. ഇട്ടിരി ഇളയപണിക്കരായി എം എന്‍ നമ്പ്യാരും. ഉണ്ണിമേരിയുടെ കന്നിപ്പെണ്ണിന് വേഷംകെട്ടി നില്‍ക്കലല്ലാതെ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. കെ ആര്‍ വിജയ, രവികുമാര്‍, ഉഷാകുമാരി, ഗോവിന്ദന്‍ കുട്ടി എന്നിവരിലൂടെയൊക്കെ കഥ ഒഴുകിയൊഴുകിപ്പോകുന്നു.

തച്ചോളി അമ്പുവിലെ ഗാനങ്ങളില്‍ ഏറ്റവും ജനപ്രിയത നേടിയത് നാദാപുരം പള്ളിയിലെ എന്ന ഗാനം തന്നെ. വാണിജയറാം പാടിയ ഈ ഗാനം ഇന്നും പുതുമ മങ്ങാതെ നിലനില്‍ക്കുന്നു. അനുരാഗക്കളരിയില്‍ എന്ന മറ്റൊരു ഗാനവും പ്രശസ്തമാണ്. കൂടാതെ വടക്കന്‍ പാട്ടുകഥകളുടെ അവിഭാജ്യഘടകങ്ങളായ സംഘനൃത്തഗാനങ്ങളും യൂസഫലി- രാഘവന്‍ കൂട്ടുകെട്ട് ഒരുക്കിയിരിക്കുന്നു.

ഒരു കെട്ടുറപ്പുള്ള സിനിമയാണ് ഇന്നു നോക്കുമ്പോള്‍ തച്ചോളി അമ്പു. ഗോവിന്ദന്‍ കുട്ടിയുടെ കഥ പഴുതുകളില്ലാത്തതാണ്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു തീര്‍ച്ചയായും ഒരു വടക്കന്‍പാട്ടു പോരാളിയുടെ തലയെടുപ്പും, മെയ്‌വഴക്കവും പ്രദര്‍ശിപ്പിക്കുന്നു. അതിവിശിഷ്ടമെന്നല്ല ഇതിനര്‍ഥം. അന്നത്തെ സാങ്കേതികതയില്‍ മലയാളത്തിന് ലഭിച്ച തികഞ്ഞ ഒരു ചിത്രം എന്ന നിലയിലാണ് തച്ചോളി അമ്പുവിനെ നോക്കിക്കാണേണ്ടത്.

ഉര്‍വ്വശി ശോഭയുടെ ആദ്യകാലം


Originally posted on 28th Sept 2010

സിന്ദൂരച്ചെപ്പ് എന്ന സിനിമയില്‍ ജയഭാരതിയുടെ കുട്ടിക്കാലം ശോഭയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്ത് മണ്ടച്ചാരെ മൊട്ടത്തലയാ എന്ന ഗാനമുള്‍പ്പടെയുള്ള വിവിധ രംഗങ്ങളില്‍ ശോഭയുടെ അഭിനയം മികച്ചതാണ്. സിന്ദൂരച്ചെപ്പില്‍ ഉറുമ്പിനെ പിടിച്ചിട്ട് ആനയെക്കൊല്ലാന്‍ നോക്കുന്ന കുട്ടി ശോഭയുടെ കണ്ണുകളിലെ വികാരങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്. ഈ കണ്ണുകള്‍ എവിടെയോ കണ്ട് പരിചിതമാണല്ലോ എന്നു കരുതി ടൈറ്റില്‍ കാര്‍ഡില്‍ പരതിയാണ് കണ്ടുപിടിച്ചുറപ്പിച്ചത്. വളരെ കൌതുകകരമായ ഒരു കാര്യം ശോഭയുടെ അമ്മ പ്രേമതന്നെയാണ് സിനിമയിലും അമ്മയായി അഭിനയിക്കുന്നത്. ഭാവിയിലെ ഉര്‍വശിയെ തീര്‍ച്ചയായും സിന്ദൂരച്ചെപ്പിലെ ബാലതാരത്തില്‍ കാണാം.

ശോഭയുടെ ആദ്യ ചിത്രം ഉദ്യോഗസ്ഥ ആണ്

ചാന്തുപൊട്ട്

Originally posted on 28th Sept 2010

ചാന്തുപൊട്ട്

വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നടന്‍ ദിലീപിന്‍ എന്നും താല്പര്യമാണ്‍. കുഞ്ഞിക്കൂനനിലെ വിമല്‍ക്കുമാറും ( ഇതില്‍ ഇരട്ട വേഷമാണ്), തിളക്കത്തിലെ ഉണ്ണിയും, പച്ചക്കുതിരയിലെ ഇരട്ട വേഷങ്ങളും എല്ലാം ദിലീപിന്റെ വ്യത്യസ്തതയ്ക്കുള്ള തിരച്ചിലില്‍ നമ്മുടെ മുന്നില്‍ വന്നുപെട്ട കഥാപാത്രങ്ങളാണ്. ഒരു മിമിക്രിക്കാരനായി തന്റെ അഭിനയജീവിതം തുടങ്ങിയ ദിലീപിന് ഹാസ്യം, അതിന്റെ ടൈമിങ് എന്നിവ കൃത്യമായി വഴങ്ങും. അഭിനയചക്രവര്‍ത്തി എന്നൊന്നും തലക്കെട്ടുകൊടുക്കാനാവില്ലെങ്കിലും ദിലീപ് ചിത്രങ്ങള്‍ എന്നും കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നവ തന്നെ. ലാല്‍ ജോസ് തന്റെ ആദ്യചിത്രമായ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍ ‘ ല്‍ നായകനാക്കിയത് ദിലീപിനെ ആയിരുന്നു. വീണ്ടും ചാന്തുപൊട്ട് എന്നചിത്രത്തിലെ രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഒരഭിനേതാവെന്ന നിലയില്‍ ദിലീപിന് അഭിമാനിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. മിമിക്രി അവതരിപ്പിച്ചിരുന്ന സമയത്തുതന്നെ ദിലീപിന്റെ ‘ചാന്തുപൊട്ടു’ വേഷങ്ങള്‍ ജനപ്രിയങ്ങളായിരുന്നു. ആ അനുഭവസമ്പത്തും കൂടിയാവണം ചാന്തുപൊട്ടിലെ രാധയെ ഇത്ര മെയ്‌വഴക്കത്തോടെ അവതരിപ്പിക്കാന്‍ ദിലീപിനെ സഹായിച്ചത്. ചാന്തുപൊട്ട് എന്നൊരു പ്രയോഗം തന്നെ മലയാളഭാഷയില്‍ പ്രചരിക്കാനും ഈ ചിത്രം അവസരമൊരുക്കി.

രാധാകൃഷ്ണന്‍ ശാരീരികമായി ഒരു ആണാണ്. ആണായിട്ടും പെണ്‍‌വേഷം കെട്ടി ചാന്തുപൊട്ടും തൊട്ട് കണ്ണെഴുതിയാണ് അയാള്‍ നടക്കുന്നത്. അതിനുകാരണം മറ്റാരുമല്ല, അവന്റെ മുത്തശ്ശിയമ്മതന്നെ. മത്സ്യബന്ധനതൊഴിലാളിയായ ദിവാകരന്‍ ഉണ്ടാകുന്നത് പെണ്ണായിരിക്കും എന്നുതന്നെയാണ് ദിവാകരന്റെ അമ്മ വിശ്വസിച്ചത്. കുടുംബം വേരറ്റുപോകാതിരിക്കാനായി ദിവാകരനു പെണ്‍കുട്ടിതന്നെ ഉണ്ടാകണേ എന്ന് അവര്‍ കരളുരുകി പ്രാര്‍ഥിച്ചു. പക്ഷേ കടലമ്മയും മറ്റുദൈവങ്ങളും അവരുടെ പ്രാര്‍ഥന കേട്ടില്ല. അവര്‍ കൊടുത്തതൊരാണ്‍കുട്ടിയെ. അവനാണ് രാധാകൃഷ്ണന്‍. മുത്തശ്ശിയമ്മ അവനെ രാധാകൃഷ്ണന്‍ എന്നു പേരിട്ട് രാധ എന്നുവിളിച്ചു. കണ്ണെഴുതി, പൊട്ടുതൊടീച്ച് പെണ്‍കുട്ടികളുടെ നിറമുള്ള ഉടുപ്പുകളിടീച്ചു, നൃത്തം പഠിപ്പിച്ചു. ചുരുക്കത്തില്‍ ഒരു കൊലപാതകക്കേസില്‍പ്പെട്ട് ജീവപര്യന്തം ശിക്ഷകഴിഞ്ഞെത്തുന്ന ദിവാകരന്‍ കാണുന്നത് വള്ളവും വലയുമായി കടലില്‍പ്പോയി മീന്‍പിടിച്ച് കുടുംബം പുലര്‍ത്തുന്ന ആണൊരുത്തനായ മകനെയല്ല. ചാന്തുപൊട്ടും തൊട്ട്, ലിപ്സ്റ്റിക്കും ഇട്ട്, തുറയിലെ പെണ്‍കുട്ടികളെ നൃത്തം പഠിപ്പിക്കുന്ന ആണും‌പെണ്ണും കെട്ട രാധയെ ആണ്.

ദിവാകരന്‍ കൊല്ലുന്നത് തന്റെ ഉറ്റസുഹൃത്തിനെത്തന്നെയാണ്. അതിനുകാരണം അയാളുടെ മകന്‍ കുമാരനും രാധയും തമ്മിലുള്ള ഒരു പിള്ളാരുവഴക്കും. രാധയുടെ ഉറ്റകൂട്ടുകാരിയാണ് മാലു. മാലു തുറയിലാശാന്റെ മകളാണ്. കുമാരന് രാധയും മാലുവുമായുള്ള സൌഹൃദം സഹിക്കാനാവുന്നില്ല. ചെറുപ്പത്തിലേഉള്ള അസൂയയും, പകയും, വിദ്വേഷവും വിവാഹപ്രായമായപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുന്നു. രാധയെ തുരത്തി മാലുവിനെ സ്വന്തമാക്കാനുള്ള കുമാരന്റെ ശ്രമങ്ങള്‍ ഫലം കാണാന്‍ തുടങ്ങുമ്പോള്‍ രാധയ്ക്ക് തുറവിട്ട് പോകേണ്ടിവരുന്നു. ദൂരെ മറ്റൊരു തീരത്ത് രാധകണ്ടുമുട്ടുന്ന സ്നേഹത്തിന്റെ മുഖങ്ങള്‍ അവനെ ആണും പെണ്ണും കെട്ടവന്‍ എന്ന തലക്കെട്ട് മായ്ചുകളയാന്‍ സഹായിക്കുന്നു. അപ്രതീക്ഷിതമായ രംഗങ്ങള്‍ക്കൊടുവില്‍ തന്റെ തുറയില്‍ തിരിച്ചെത്തുന്ന് രാധയെ കാത്തിരിക്കുന്നത് മാലുവും, കുഞ്ഞും പിന്നെ ഒത്തിരി സന്തോഷവുമാണ്.

രാധയുടെ മുത്തശ്ശിയമ്മയായി അതിഥിതാരമായി എത്തുന്നത് സുകുമാരിയമ്മയാണ്. രാധയുടെ അച്ഛന്‍ ദിവാകരനെ ലാല്‍ അവതരിപ്പിക്കുന്നു. മാലുവായി ഗോപികയും കുമാരനായി ഇന്ദ്രജിത്തും എത്തുന്നു.

മലയാളസിനിമ കാണാന്‍ തീയറ്ററുകളില്‍ ആളുകള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ രക്ഷകനായെത്തിയ സംവിധായകനാണ് ലാല്‍ജോസ്. ഭരതന്‍ ചിത്രങ്ങള്‍ , പദ്മരാജന്‍ ചിത്രങ്ങള്‍ എന്നിവയ്ക്ക് പിന്നാലെ ലാല്‍ജോസ് ചിത്രങ്ങള്‍ എന്നൊരു ഗണവും കൂടി രൂപപ്പെട്ടുവരുന്നത് മലയാളസിനിമയുടെ തന്നെ പുനര്‍ജ്ജനിയ്ക്ക് കാരണമാവും എന്നുതന്നെയാണ് ചാന്തുപൊട്ടുള്‍പ്പടെയുള്ള ലാല്‍ജോസ് ചിത്രങ്ങള്‍ നമുക്ക് കാട്ടിത്തരുന്നത്.

അംബ അംബിക അംബാലിക

Originally posted on 28th Sept 2010



സംഭാഷണബഹുലമായ ഒരു പുരാണനാടകം കണ്ട പ്രതീതിയാണ് അംബ അംബിക അംബാലിക കണ്ടശേഷമുണ്ടായത്. വര്‍ണാഭമായ വേഷവിധാനങ്ങളോടെ വലിച്ചുകെട്ടിയ ബാലെ കര്‍ട്ടനുകള്‍ക്കു മുന്നില്‍ നിന്ന് നടീനടന്മാരുടെ സംഭാഷണമുരുവിടലാണ് ആകെ മൊത്തം ഈ സിനിമ. മഹാഭാരതത്തിലെ ഒരേടടര്‍ത്തിയെടുത്ത് മലയാളസിനിമയോട് ചേര്‍ത്തുവയ്ക്കാനുള്ള ശ്രമം എന്ന നിലയില്‍ ഈ ചിത്രം പരിഗണിക്കപ്പെടാവുന്നതാണ്.

ശന്തനു മഹാരാജാവിന് സത്യവതി എന്ന മത്സ്യകന്യകയില്‍ അഭിലാഷം ജനിക്കുന്നതും, അവളെ രാജാവിന് കൊടുക്കുന്നതിന് മുന്‍പ്, അവളുടെ സൂത്രശാലിയായ അച്ഛന്‍ , രാജകുമാരനായ ദേവവ്രതനില്‍ നിന്നും താന്‍ എന്നും നൈഷ്ഠിക ബ്രഹ്മചാരിയായിരിക്കുമെന്നും, സത്യവതിയില്‍ ജനിക്കുന്ന കുട്ടികള്‍ക്കുമാത്രമായിരിക്കും രാജ്യാവകാശമെന്നും സത്യം മേടിക്കുന്നിടത്തുനിന്നാണ് കഥ ആരംഭിക്കുന്നത്. ആ ഭീഷ്മ പ്രതിജ്ഞയോടെ ദേവവ്രതന്‍ ഭീഷ്മര്‍ എന്നറിയപ്പെട്ടു.

സത്യവതിയില്‍ ജനിച്ച അര്‍ഥസഹോദരനായ വിചിത്രവീര്യനുവേണ്ടി ഭീഷ്മര്‍ കാശിരാജപുത്രിമാരായ അംബ അംബിക അംബാലിക എന്നിവരെ അവരുടെ സ്വയംവരപ്പന്തലില്‍ ചെന്നു ബലമായി പിടിച്ചുകൊണ്ടുവരുന്നു. വിചിത്രവീര്യന്റെ ഭാര്യയാകാന്‍ കഴിയില്ലെന്നും സാല്വരാജാവുമായി താന്‍ പ്രണയത്തിലാണെന്നും അദ്ദേഹത്തെയല്ലാതെ മറ്റാരെയും ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ കഴിയില്ലെന്നും അംബ ഭീഷ്മരോട് പറയുന്നു. ഭീഷ്മര്‍ അംബയെ സാല്വന്റെ അടുത്തേക്ക് തിരിച്ചയക്കുന്നുവെങ്കിലും സാല്വന്‍ അംബയെ തിരസ്കരിക്കുന്നു. നിരാശയായ അവള്‍ അച്ഛനമ്മമാരുടെയടുത്തേക്ക് ചെല്ലുന്നുവെങ്കിലും അവരും അവളെ സ്വീകരിക്കുന്നില്ല. അംബ തിരിച്ച് ഭീഷ്മരുടെ അടുത്തെത്തി തന്നെ ഭാര്യയാക്കുവാനും, നിരാലംബയായ ഒരു സ്ത്രീയ്ക്ക് ജീവിതം കൊടുക്കുവാനായി തന്റെ പ്രതിജ്ഞയില്‍ നിന്നും വ്യതിചലിക്കുവാനും അപേക്ഷിക്കുന്നു. എന്നാല്‍ ഭീഷ്മന്‍ തയ്യാറാകുന്നില്ല. ഒടുവില്‍ അംബ ഇനിയൊരു ജന്മമുണ്ടായാല്‍പ്പോലും ഭീഷ്മനെ പരാജയപ്പെടുത്തുമെന്നും മരണകാരണമാകുമെന്നും പ്രതിജ്ഞയെടുത്ത ശേഷം അഗ്നിയില്‍ ആത്മാഹുതി ചെയ്യുന്നു. അംബയുടെ പുനര്‍ജന്മമാണ് മഹാഭാരതയുദ്ധത്തില്‍ ഭീഷ്മന്റെ പരാജയകാരണമാകുന്ന നപുംസകമായ ശിഖണ്ഡി. സ്ത്രീകളോടും നപുംസകങ്ങാളോടും യുദ്ധം ചെയ്യുകയില്ലെന്ന് പ്രതിജ്ഞയുള്ള ഭീഷ്മനെ അങ്ങനെ അര്‍ജ്ജുനന്‍ ശരശയ്യ തീര്‍ത്ത് അതിലാക്കുന്നു.
ഇത്രയുമാണ് സിനിമയ്ക്കുവേണ്ടി പുരാണത്തില്‍ നിന്നും എടുത്തിരിക്കുന്ന കഥാഭാഗം.

അംബ അംബിക അംബാലിക എന്നാണ് സിനിമയ്ക്ക് പേരെങ്കിലും ഇത് യഥാര്‍ഥത്തില്‍ അംബയുടെ മാത്രം കഥയാണ്. അംബികയും അംബാലികയും കഥയുടെ ഒരുഭാഗത്ത് മാത്രമാണ് തങ്ങളുടെ വേഷവുമായെത്തുന്നത്. അംബയായി ശ്രീവിദ്യ സിനിമയിലുടനീളം ജ്വലിക്കുന്ന സൌന്ദര്യവുമായി തിളങ്ങുന്നു. കാലം അകാലത്തില്‍ തല്ലിക്കെടുത്തിയ ആ നിലവിളക്കിന്റെ നിഷ്കളങ്കസൌന്ദര്യമാണ് ഈ സിനിമയ്ക്ക് അല്പമെങ്കിലും ആശ്വാസം. എങ്കിലും സന്യാസിനിയായി വേഷംകെട്ടിച്ച് റോസ് പൌഡറും കനത്തില്‍ പൂശിച്ചു നിര്‍ത്തിയിരിക്കുന്ന ശ്രീവിദ്യയേയും മറ്റു നടീനടന്മാരെയും കാണുമ്പോള്‍ കരയണോ ചിരിക്കണോ എന്നൊരു സംശയം. അംബയും സാല്വനും തമ്മിലുള്ള വികാരനിര്‍ഭരമായ ഒരു രംഗമാണ് ഈ സിനിമയില്‍ ‘അഭിനയം’ എന്ന ഒരു ‘ഓപ്ഷന്‍’ കൂടി ഉണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. സാല്വനായി രാഘവന്റെ അഭിനയത്തിന്റെ ഒരു പ്രത്യേക മുഖം നമുക്കു കാണാം.

അംബികയായി അകാലത്തില്‍ വിട്ടുപിരിഞ്ഞ മറ്റൊരു താരമാണ് രംഗത്ത്. (രംഗത്ത് എന്നു പറയുന്നത് മനഃപൂര്‍വം തന്നെ. കാരണം ആദ്യം പറഞ്ഞല്ലോ. ഒരു പുണ്യപുരാണ നൃത്ത സംഗീതനാടകമായി മാത്രമാണ് ഈ സിനിമ അനുഭവപ്പെടുക). ഈ സിനിമ റിലീസ് ആയ വര്‍ഷം തന്നെ അവരെ നമുക്കു നഷ്ടപ്പെട്ടു എന്നത് തികച്ചും യാദൃച്ഛികം തന്നെയാവണം. മിസ് കേരളയായും, സ്വപ്നാടനത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡും വാങ്ങിയ പ്രസിദ്ധനര്‍ത്തകി കൂടിയായിരുന്ന റാണിചന്ദ്രയാണവര്‍. കഥാഗതിയില്‍ കാര്യമായൊന്നും ചെയ്യാനില്ലാത്ത അംബികയായി വേഷപ്പകിട്ടോടെ ചിലരംഗങ്ങളിലഭിനയിച്ച് അവര്‍ അരങ്ങൊഴിയുന്നു.

അംബാലികയായി എത്തുന്നത് ഉണ്ണിമേരിയാണ്. ഉണ്ണിമേരി എന്ന ‘നടി‘യുടെ ജനനവും ജീവിതവും വിടപറയലും മലയാളസിനിമയ്ക്ക് എന്താണ് നല്‍കിയത്? അതോ എന്തെങ്കിലും നല്‍കിയോ? കരിയിലക്കാറ്റുപോലെ എന്നൊരൊറ്റ ചിത്രമല്ലാതെ ഒരു നടിയെന്ന നിലയില്‍ ഒരളവുവരെയെങ്കിലും അവര്‍ കയ്യൊപ്പു പതിപ്പിച്ച ഏതെങ്കിലും ചിത്രമുണ്ടോ? മാദകവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട്, മധുരോദാരമായ സ്വപ്നരംഗങ്ങളിലൂടെ പ്രേക്ഷകനെ ഭ്രമിപ്പിച്ച് അവര്‍ കടന്നു പോയി. കഥാഗതിയില്‍ പ്രാമുഖ്യമുള്ള ഒരൊറ്റ കഥാപാത്രമെങ്കിലും കരിയിലക്കാറ്റുപോലെ എന്നചിത്രത്തിലൊഴികെ അവര്‍ അവര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അവശേഷിപ്പിച്ചിട്ടുണ്ടോ?

ദേവവ്രതനായി ആദ്യ ഭാഗത്ത് ഹരിയും പിന്നീട് ഭീഷ്മരായി ജോസ് പ്രകാശുമാണ് വേഷമിടുന്നത്. സംഭാഷണമുരുവിടലല്ലാതെ ജോസ് പ്രകാശിന്റെ ഭീഷ്മര്‍ക്ക് കാര്യങ്ങളൊന്നുമില്ല. നെടുങ്കന്‍ ഡയലോഗുകളിലൂടെ കയറിയിറങ്ങിപ്പോകുന്ന ഭീഷ്മര്‍ പ്രത്യേകിച്ച് ഒരു വികാരവും പകരുന്നുമില്ല, പങ്കുവയ്ക്കുന്നുമില്ല.

ശങ്കരാടി, ഉഷാകുമാരി, പങ്കജവല്ലി എന്നിവര്‍ ആദ്യഭാഗത്തും, കവിയൂര്‍ പൊന്നമ്മ,സുധീര്‍, പപ്പു, പറവൂര്‍ ഭരതന്‍ തുടങ്ങി നിരവധി നടീ നടന്മാര്‍ രണ്ടാം ഭാഗത്തും പ്രത്യക്ഷപ്പെടുന്നു.

റേഡിയോ നാടകങ്ങള്‍ എഴുതി കൃതഹസ്തനായ നാഗവള്ളി ആര്‍ എസ് കുറുപ്പാണ് ഇതിന് സംഭാഷണങ്ങളും, തിരക്കഥയുമെഴുതിയിരിക്കുന്നത്. സിനിമയുടെ കാഴ്ചപ്പാടുകള്‍ റേഡിയോയുടെ കേള്‍വിക്കപ്പുറവുമുണ്ട് എന്ന കാര്യം ഇവിടെ നാഗവള്ളി മറന്നതുപോലെയുണ്ട്. അതോ ഒരു പുരാണകഥയില്‍ കൈവയ്ക്കുമ്പോളുള്ള പരിധികളാണോ അദ്ദേഹത്തിന്റെ തൂലികയ്ക്ക് ഭാവനയുടെ ചിറകുകള്‍ അല്‍പ്പം പോലും നല്‍കാഞ്ഞത്? റേഡിയോവില്‍ ശബ്ദരേഖ കേള്‍ക്കാന്‍ പറ്റിയ ഒരു തിരക്കഥാ സംഭാഷണ രീതിയാണ് അദ്ദേഹം പിന്‍ തുടര്‍ന്നിരിക്കുന്നത്.

തിരക്കഥ അതുപോലെ കാമറയില്‍ പകര്‍ത്തുകയാണ് നിര്‍മ്മാതാവുകൂടിയായ സംവിധായകന്‍ സുബ്രഹ്മണ്യം. നീലായുടെ അനേകം പുണ്യ പുരാണ സിനിമകളുടെ ശ്രേണിയില്‍ ഒന്നുകൂടി എന്നതില്‍ക്കവിഞ്ഞ് മറ്റൊരു തലക്കെട്ടും നല്‍കേണ്ടാത്ത ഒരു സിനിമയാണ് അംബ അംബിക അംബാലിക.

ശ്രീകുമാരന്‍ തമ്പി - ദേവരാജന്‍ കൂട്ടുകെട്ടിന്റെ ഗാനങ്ങള്‍ പതിവും ലക്ഷ്യം കണ്ടിട്ടില്ല. ചന്ദ്രകിരണതരംഗിണിയൊഴുകി എന്ന ഗാനം ഇടയ്ക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജകുമാരി എന്ന പ്രണയ യുഗ്മഗാനം പതിവുപോലെ ശുദ്ധധന്യാസിയില്‍ ചിട്ടപ്പെടുത്തി പ്രണയവികാരങ്ങളുടെ തരംഗിണിയൊഴുക്കാന്‍ ദേവരാജന്‍ മാസ്റ്റര്‍ ശ്രമിച്ചിരിക്കുന്നെങ്കിലും, മാധുരിയുടെ ശ്രുതിരഹിതമായ ആലാപനം യേശുദാസിന്റെ കാമുക ശബ്ദത്തെയും ഈ ഗാനത്തെയും കാറ്റില്‍ പറത്തുന്നു. മറ്റു ഗാനങ്ങള്‍ക്കൊന്നും സിനിമയിലെ ഇടമല്ലാതെ ആസ്വാദനത്തിലൊരിടത്തും ഇടം നല്‍കാന്‍ സാദ്ധ്യമല്ല എന്നതും സങ്കടകരമായ വസ്തുത തന്നെ.

ഉത്സവപ്പറമ്പിലെ സ്റ്റേജുകളിലെ വലിച്ചു കെട്ടിയ തിരശ്ശീലകള്‍ മറവിയിലാണ്ട ഒരു ഭൂതകാലസംസ്കാരത്തിന്റെ ചിഹ്നങ്ങളായിരുന്നു. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഉള്ളില്‍ കുറച്ചു ഗൃഹാതുരത്വമുള്ളവര്‍ക്ക് തീര്‍ച്ചയായും അംബ അംബിക അംബാലിക കാണാം. സിനിമയോ കഥയോ കാണാനല്ല. വെറുതെ ചില ഭൂതകാലസ്മൃതികളുടെ ചിഹ്നങ്ങളെ പൊടിതുടച്ചെടുക്കാന്‍. ഇനി വരാതെ നമുക്കിടയില്‍ നിന്നും പിരിഞ്ഞുപോയ ചില മുഖങ്ങളെ ഒരുവട്ടം കൂടി കാണാനും.

സിന്ദൂരച്ചെപ്പ്

Originally posted on 28th Sept 2010


സിന്ദൂരച്ചെപ്പ്

അഞ്ജന ഫിലിംസിന്റെ സിന്ദൂരച്ചെപ്പ്. റിലീസ് തീയതിമുതല്‍ മലയാളി നെഞ്ചിലേറ്റി ഓമനിക്കുന്ന മധുരഗാനങ്ങളാണ് സിന്ദൂരച്ചെപ്പ് എന്ന പേരു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലോടിയെത്തുക. ഓമലാളെക്കണ്ടുഞാന്‍ പൂങ്കിനാവില്‍ , പൊന്നില്‍ക്കുളിച്ച രാത്രി എന്നീ അനശ്വര ഗാനങ്ങള്‍ മലയാളത്തിനു തന്നത് സിന്ദൂരച്ചെപ്പാണ്. ഗാനങ്ങളുടെ എണ്ണം അതില്‍ തീരുന്നില്ല മാധുരിയുടെ എക്കാലത്തെയും ജനപ്രീതിനേടിയ ഗാനങ്ങളിലൊന്നായ തമ്പ്രാന്‍ തൊടുത്തത് മലരമ്പ് സിന്ദൂരച്ചെപ്പിലാണ്. മണ്ടച്ചാരെ മൊട്ടത്തലയാ എന്ന കുട്ടികള്‍ക്കിടയില്‍ പ്രസിദ്ധമായ ഗാനവും ഇതില്‍ത്തന്നെ. കണ്ണീരില്‍ വിരിയും താമരപ്പൂ എന്ന യേശുദാസ് പാടിയ ദുഃഖഗാനമാണ് സിന്ദൂരച്ചെപ്പിലെ ഗാനങ്ങളുടെ ലിസ്റ്റില്‍ ഓര്‍ത്തിരിക്കാന്‍ കുറച്ചെങ്കിലും പ്രയാസമായത്. യൂസഫലി - ദേവരാജന്‍ കൂട്ടുകെട്ടിന്റെ ഈ മധുരഗാനനിര്‍ഝരികള്‍ കേട്ടുമയങ്ങാത്ത മലയാളിയില്ല. ദേവരാജന്റെ സഹായിയായി പില്‍ക്കാലത്ത് സ്വതന്ത്ര സംവിധായകനായി നമുക്ക് ഒട്ടനേകം ഹിറ്റുകള്‍ നല്‍കിയ ആര്‍ കെ ശേഖര്‍ ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.

കറുപ്പിനഴക്... വെളുപ്പിനഴക് എന്ന് പുതുതലമുറപാടാന്‍ തുടങ്ങിയിരിക്കുന്നത് സിന്ദൂരച്ചെപ്പ് പോലുള്ള ചിത്രങ്ങളുടെ ചിത്രീകരണപാടവം കണ്ടിട്ടാണോ എന്ന് സംശയിക്കാം. സിനിമാറ്റോഗ്രഫി എന്ന കല അതിന്റെ എല്ലാമനോഹാരിതയോടും കൂടി സിന്ദൂരച്ചെപ്പില്‍ കാണാം. ലോങ് ഷോട്ട് ദൃശ്യങ്ങള്‍ എത്ര മനോഹരമായി കറുപ്പിലും വെളുപ്പിലും അനുഭവേദ്യമാകുന്നു! ഛായാഗ്രഹണസംവിധാനം യു രാജഗോപാലിനാണ്. ഓരോ ഫ്രേമും അളവെടുത്ത് ചെയ്തപോലെ സുന്ദരം. ബഞ്ചമിന്‍, മാര്‍ട്ടിന്‍ അലോഷ്യസ്, വസന്ത് ബി എന്‍ എന്നിവരാണ് ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. പഴയ പാലക്കാടന്‍ ഗ്രാമഭംഗിയും, ഗ്രാമീണജീവിതവും, ഭാരതപ്പുഴയുടെ സൌന്ദര്യവുമെല്ലാം ഇവരുടെ കാമറക്കണ്ണിലൂടെ നാല്‍പ്പതുവര്‍ഷം പിന്നിലേക്ക് നടത്തിക്കാണിക്കുന്നു. നിഴലും വെളിച്ചവും കൈപ്പിടിയിലൊതുക്കി കാഴ്ചയുടെ പുതിയ അനുഭവം നല്‍കുന്ന സിന്ദൂരച്ചെപ്പ് ഛായാഗ്രഹണ വിദ്യാര്‍ഥികള്‍ക്കും, കുതുകികള്‍ക്കും തീര്‍ച്ചയായും ഒരു പാഠം തന്നെയാണ്. സിനിമയുടെ ആദ്യഭാഗത്തില്‍ ആനക്കാരന്റെ വീട്ടിലെ ഒരു രാത്രി രംഗം ചിത്രീകരിച്ചിരിക്കുന്ന ഒരൊറ്റ സീന്‍ മാത്രം മതി ഇതിലെ ഛായാഗ്രഹണപാടവത്തിന് തെളിവ് നല്‍കാന്‍. വെളിച്ചത്തിന്റെ അപൂര്‍വസുന്ദരമായ പ്രയോഗക്കാഴ്ച ഈ രംഗം നമുക്കു സമ്മാനിക്കുന്നു.ചിത്രസംയോജകന്‍ ജി വെങ്കിട്ടരാമന്റെ കത്രിക ചലിക്കുന്നത് കിറുകൃത്യമായാണ്. സിനിമയുടെ സാങ്കേതിക മികവിന് ചിത്രസംയോജകന്റെ സംഭാവന എത്രയേറെയാണെന്ന് സിന്ദൂരച്ചെപ്പ് കാട്ടിത്തരുന്നു. പബ്ലിസിറ്റി ടൈറ്റിലില്‍ ക്രെഡിറ്റ് നല്‍കിയിരിക്കുന്ന ഭരതന്‍ എങ്കക്കാട് എന്ന പേരും മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ നോവുനല്‍കുന്നു. സിനിമ സംവിധായകന്റെ കലയാണെന്ന് നിസ്സംശയം നമുക്കു കാട്ടിത്തന്ന സംവിധായകന്‍ ഭരതനാണ് ഭരതന്‍ എങ്കക്കാടെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്!

എന്താണ് സിന്ദൂരച്ചെപ്പ്? സിനിമ തുടങ്ങി ഏറെക്കഴിഞ്ഞ് നാമൊരു സിന്ദൂരച്ചെപ്പ് കാണുമെങ്കിലും, അവസാനമാണ് സിന്ദൂരച്ചെപ്പ് എന്ന തലക്കെട്ട് കഥാകാരന്‍ എന്തിനാണ് നല്‍കിയതെന്ന് നാം മനസ്സിലാക്കുന്നത്. കഥ യൂസഫലിയുടേതാണ്. അതിമാനുഷരുടെയും, അമാനുഷിക ശക്തികളുടേയും കഥകള്‍ കാണുന്ന പുതുതലമുറയ്ക്ക് ഈ കഥ അത്ര രസിച്ചേക്കില്ല. ഗ്രാമത്തിലെ ഇല്ലത്ത് എത്തിച്ചേരുന്ന ഒരാനക്കുട്ടി, അത് പിന്നീട് ഗോപി എന്ന കൊമ്പനാനയായിത്തീരുന്നതും അവനെച്ചുറ്റിപ്പറ്റി ഗ്രാമവും ഗ്രാമത്തിലെ ആളുകളും നേരിടുന്ന നിരവധി അനുഭവമുഹൂര്‍ത്തങ്ങളുമാണ് സിന്ദൂരച്ചെപ്പില്‍ നാം കാണുന്നത്. ഗോപി എന്ന ആന മൂന്നുപേരെക്കൊല്ലും എന്ന പ്രവചനമാണ് നായിക അമ്മാളുവിനെക്കൊണ്ട് അവനെ കൊല്ലാന്‍ രണ്ടുതവണ സിന്ദൂരച്ചെപ്പിലിട്ട കട്ടുറുമ്പുകളെ എടുപ്പിക്കുന്നത്. രണ്ടാം തവണ അറം പറ്റിയപോലെ ആനയുടെ കാലടികളില്‍പ്പെട്ട് അമ്മാളുതന്നെ ജീവിതത്തോട് തോല്‍ക്കുകയാണ്. പൊട്ടിത്തകര്‍ന്ന സിന്ദൂരച്ചെപ്പും അവളുടെയടുത്തുതന്നെയുണ്ട്. അമ്മാളുവിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് പില്‍ക്കാലത്ത് ഉര്‍വശിപ്പട്ടം നേടി പ്രേക്ഷകമനസ്സു കീഴടക്കിയ ശോഭയാണ്. ചിത്രത്തിന്റെ ആദ്യഭാഗത്ത് ശോഭ നടത്തുന്ന അഭിനയപ്രകടനം തികച്ചും അല്‍ഭുതാവഹമാണ്. ഭാവിയിലെ ഉര്‍വശിപ്പട്ടം തനിക്ക് തികച്ചും അര്‍ഹമാണെന്നുതന്നെ ശോഭ ഇതിലൂടെ സംശയലേശമെന്യേ വ്യക്തമാക്കുന്നു. യുവതിയായ അമ്മാളുവായി ജയഭാരതിയുടെ മികച്ച പ്രകടനവും ഇതില്‍ കാണാവുന്നതാണ്. അമ്മാളുവിന്റെ കൂട്ടുകാരി നീലിയെ രാധാമണി അനശ്വരയാക്കുന്നു. തമ്പ്രാന്‍ തൊടുത്തത് മലരമ്പ് എന്ന ഒരൊറ്റഗാനത്തിലൂടെ തന്റെ ആദ്യചിത്രത്തിലെ അഭിനയം എന്നെന്നും ഓര്‍മ്മിക്കത്തക്കതാക്കി രാധാമണി.

ഒരു നായികയുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു നായകനും അവര്‍ക്കൊരു പ്രണയവും സിനിമയുടെ അവിഭാജ്യ ഘടകമാണല്ലോ. ആ ചേരുവ പൂര്‍ത്തീകരിക്കുവാനാണ് അമ്മാളുവിന്റെയും നീലിയുടേയും ഗോപിയുടേയും ഗ്രാമത്തിലേക്കും ജീവിതത്തിലേക്കും കേശവന്‍ എന്ന പാപ്പാനായും, സിനിമയിലെ നായകനായും, സിനിമയുടെ സംവിധായകനായും മധു എത്തുന്നത്. മധു എന്ന നടന്റെ കഴിവുകള്‍ അതിശയോക്തിയും, അരോചകത്വവും കലര്‍ത്തി എത്ര ക്രൂരമായാണ് മിമിക്രിക്കാര്‍ ഇന്നത്തെ തലമുറയ്ക്ക് എത്തിച്ചിരിക്കുന്നതെന്ന് ഒട്ടൊരു ദുഃഖത്തോടെമാത്രമേ ഈ ചിത്രമൊക്കെ കണ്ടുകഴിഞ്ഞാല്‍ ഓര്‍ത്തുപോവുകയുള്ളു. സംവിധായകന്‍ എന്ന നിലയിലും ഒട്ടും മടുപ്പില്ലാതെ കാണുവാനൊരു സിനിമയാണ് മധു യൂസഫലിയുടെ കഥയിലൂടെ നമുക്ക് നല്‍കുന്നത്. പ്രണയം ദുരന്തത്തില്‍ കലാശിക്കുന്നത് ഒരുകാലത്തെ സിനിമകളുടെ മട്ടുതന്നെയായിരുന്നു. സിന്ദൂരച്ചെപ്പിലും കാണുന്നത് മറിച്ചല്ല. നിറമുള്ള സ്വപ്നങ്ങള്‍ കാണുന്ന കമിതാക്കളെ അനിവാര്യമായ വിധി വേര്‍പിരിക്കുകയാണ്.

ആദ്യകാല സിനിമകളുടെ മറ്റൊരു പ്രത്യേകതയാണ് രാത്രി ഉറങ്ങാതിരുന്നു പാടുന്ന ഗായകനും, സ്വപ്നാടകയായി ആ പാട്ടുകേട്ട് ഇറങ്ങി നടന്നു ചെല്ലുന്ന നായികയും. പൊന്നില്‍ക്കുളിച്ച രാത്രി എന്ന ഗാനം ഈ പ്രത്യേകതയ്ക്ക് ഏറ്റവും മികച്ച ഉദാഹരണമായി എടുത്തുകാട്ടാവുന്നതാണ്. ചെമ്മീനിലെ മാനസമൈനയും, ഒരു പെണ്ണിന്റെ കഥയിലെ അരയിലൊറ്റമുണ്ടുടുത്തപെണ്ണും ഒക്കെ ഈ ഗണത്തില്‍ പെടുത്താവുന്ന ഗാനങ്ങളാണ്.

ഫ്ലാറ്റുകളിലും, ആഡംബരക്കാറുകളിലും, ആധുനിക വസ്ത്രധാരണരീതികളിലും ഭ്രമമുള്ള പുതുമടിശ്ശീലക്കാരന്‍ മലയാളിക്ക് ഈ സിനിമ കാണുന്നത് തെല്ലു കുറച്ചിലായിരിക്കും. കാരണം ഈ സിനിമയില്‍ അവന്റെ അത്ര പൊങ്ങച്ചം കാണിക്കാന്‍ പറ്റാത്ത ഒരു ഭൂതകാലത്തിന്റെ നേര്‍ച്ചിത്രമുണ്ട്. ഓലമേഞ്ഞ്, കുനിഞ്ഞുമാത്രം അകത്തുകടക്കാന്‍ പറ്റുന്ന വീടുകള്‍, വശത്തേക്ക് മുടി ചരിച്ചുകെട്ടി കുടുമവെച്ച ഗൃഹനാഥന്മാര്‍ , കൊച്ചുമുണ്ടുടുത്തു നടക്കുന്ന നാടന്‍ പെണ്‍കിടാങ്ങള്‍,. അങ്ങനെ ഇക്കാലത്ത് അതിവിചിത്രമെന്നുമാത്രം ആലോച്ചിക്കാന്‍ പറ്റുന്ന ഒരു ജീവിതരീതിയാണ് മലയാളിക്കുണ്ടായിരുന്നതെന്ന് സിന്ദൂരച്ചെപ്പ് നമുക്ക് കാട്ടിത്തരുന്നു.

ആനക്കാരനായി ശങ്കരാടിയും അയാളുടെ ഭാര്യയായി പ്രേമയും ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നു. മുഹമ്മദായി ബഹദൂറും, നമ്പൂരിയായി പ്രേംജിയും, കൈമളായി മുത്തയ്യയും കഥയുടെ കൂടെത്തന്നെയുണ്ട്. ബഹദൂറിന്റെ ഉമ്മയായി അനുഗ്രഹീതനടി ഫിലോമിന അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സമാനമായി ഒരു കഥാപാത്രം (കഥാഗതിയില്‍ ഒരു പ്രാമുഖ്യവും ഈ കഥാപാത്രത്തിനില്ല) മലയാളസിനിമയില്‍ പിന്നീട് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

ആന ഒരു അഭിനേതാവാകുന്നതും കഥാഗതിയെ മുന്നോട്ടു കൊണ്ടുപോകുന്നതും സിന്ദൂരച്ചെപ്പിനെ വ്യത്യസ്തമാക്കുന്നു.

ഇതിഹാസ് ഫിലിംസ് വിതരണം ചെയ്ത സിന്ദൂരച്ചെപ്പ് 1971 ലാണ് മലയാളസിനിമയിലെത്തിയത്.